തിരുവനന്തപുരം : സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്റെയും ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ടെന്നിസ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള ടെന്നിസ് ടൂർണമെൻ്റിന് കുമാരപുരം ടെന്നിസ് അക്കാദമിയിൽ തുടക്കമായി. ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം ദുബായ് വ്യവസായിയും കേരളത്തിലെ ടെന്നീസ് പ്രചാരകനുമായ ആനന്ദ് കുമാർ നിർവഹിച്ചു. കേരള ടെന്നിസ് അസോസിയേഷൻ ഭാരവാഹി ബിജു സോമൻ, സ്പോർട്ട്സ് കേരള ഫൗണ്ടേഷൻ ഓപ്പറേഷൻസ് മാനേജർ രാധിക, ടെന്നിസ് അക്കാദമി മുഖ്യ കോച്ച് എന്നിവർ സന്നിഹിതരായിരുന്നു.
ഞായറാഴ്ച മുതൽ ഈ മാസം 9 വരെയാണ ടൂർണമെൻ്റ്. പുരുഷന്‍മാര്‍, സ്ത്രീകള്‍, ജൂനിയര്‍ ആണ്‍കുട്ടികള്‍/പെണ്‍കുട്ടികള്‍ എന്നീ വിഭാഗങ്ങളിലായി 12,14,16, 18 വയസില്‍ താഴെയുള്ളവര്‍ക്ക് സിംഗിള്‍സ്, ഡബിള്‍സ്, വെറ്ററന്‍സ് തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 180 ഓളം താരങ്ങൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും.
മത്സര വിജയികള്‍ക്ക് ആകെ 1,20,000 രൂപ സമ്മാനതുകയായി ലഭിക്കും. ഇന്‍കെല്‍ ആണ് ടൂർണമെൻ്റ് സ്‌പോണ്‍സര്‍ ചെയ്യുന്നത്.