തിരുവനന്തപുരം: അഭ്യസ്ത വിദ്യരായിട്ടും ഉന്നത ബിരുദങ്ങൾ ഉണ്ടായിട്ടും അർഹതപ്പെട്ട തൊഴിൽ ലഭിക്കാൻ സമരം ചെയ്യേണ്ട ഗതികേടിലാണ് കേരളത്തിലെ യുവാക്കളെന്ന് കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. നിയമനം നടത്തണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയിൽ കഴിഞ്ഞ 34 ദിവസങ്ങളായി സമരം ചെയ്യുന്ന സി.പി.ഒ. റാങ്ക് ഹോൾഡേഴ്സിനോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. പ്രഫഷണൽ ഡിഗ്രിയുള്ളവർ പോലും ജോലിക്കുവേണ്ടി റോഡിലൂടെ മുട്ടിലിഴയേണ്ടി വരുന്നത് വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യയിൽ കേരളത്തിലെ യുവജനങ്ങൾ തൊഴിലില്ലാതെ സമരമിരിക്കേണ്ടി വരില്ല. പിൻവാതിലിലൂടെയല്ലാ മുൻവാതിലിലൂടെ തന്നെ അർഹരായ എല്ലാ യുവാക്കൾക്കും തൊഴിൽ ലഭിക്കും. ഇതാണ് മോദിയുടെ ഗാരൻറിയെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
തങ്ങൾ നേരിടുന്ന അവഗണനയും ഇടതുപക്ഷ സർക്കാരിന്റെ പക്ഷപാത നിലപാടുകളെ കുറിച്ചും മന്ത്രിയോട് ഉദ്യോഗാർഥികൾ പറഞ്ഞു. കേരളത്തിൽ എല്ലാം സി.പി.എം വൽക്കരിച്ചിരിക്കുകയാണ്. തൊഴിൽ ലഭിക്കാനുള്ള മാനദണ്‌ഡം വിദ്യാഭ്യാസവും യോഗ്യതയും ഒന്നുമല്ല. സി.പി.എം പ്രവർത്തകനാകുക എന്നുള്ളതാണ്. എല്ലാ റാങ്കു പട്ടികകളും അട്ടിമറിച്ച് സി.പി.എം പ്രവർത്തകരെയും ഇഷ്ടക്കാരെയും ഉദ്യോഗസ്ഥാനങ്ങളിലേക്ക് പിൻവാതിൽ നിയമനം നടത്തുകയാണെന്ന് അവർ പറഞ്ഞു.