സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നില്കുന്നത് നടനും ടിവികെ അധ്യക്ഷനുമായ വിജയ് ആണ്. കഴിഞ്ഞ ദിവസം കന്യാകുമാരിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വിജയ്. താരം വാഹനത്തിൽനിന്നിറങ്ങി അല്പദൂരം സൈക്കിളിൽ സഞ്ചരിച്ചിരുന്നു. ഇതിനിടെ ആരാധകൻ പുഷ്പവൃഷ്ടിയുമായി എത്തിയോടെയാണ് ആശയക്കുഴപ്പമുണ്ടായത്
ദേശീയപാതയിലൂടെ വിജയ് സൈക്കിൾ ഓടിച്ചുവരികയായിരുന്നു. ഇതിനിടെ ഡിവൈഡറിൽനിന്ന് പാതയിലേക്ക് ചാടിവീണ ആരാധകരിൽ ഒരാൾ താരത്തിന് നേരെ ‘ഫ്ളെവർ ബോൾ’ എറിഞ്ഞു. എന്നാൽ സുരക്ഷാ വീഴ്ചയായിട്ട് കരുതിയിട്ടായിരിക്കണം അദ്ദേഹം ഉടൻ തന്നെ സൈക്കിളിൽ നിന്നും ഇറങ്ങി പിന്നാലെ വന്ന കാരവാനിലേക്ക് ഓടി കയറുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സാമൂഹികമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞു.ഒരു രാഷ്ട്രീയനേതാവിന് ചേർന്നതല്ല വിജയ്യുടെ രീതിയെന്നാണ് വിമർശനം.
കുരുവി പറന്നു പോകുന്ന പോലെയുണ്ടായിരുന്നു. ഇത് ഞങ്ങടെ അണ്ണനല്ല ഞങ്ങടെ അണ്ണൻ ഇങ്ങനെ ആയിരുന്നില്ല. സിനിമയിലെ പ്രകാശ് രാജ് ആണ് ജീവിതത്തിലെ വിജയിയെന്നും ചിലർ വിമർശിക്കുന്നു.
ഏതായാലും വീഡിയോ ഇതിനോടകം തന്നെ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ആണ് വിധേയമാകുന്നത്. കന്യാകുമാരിക്ക് സമീപം മഹാദാനപുരത്ത് ഞായറാഴ്ച വൈകിട്ടാണ് സമ്മേളനം നടന്നത്. ജനനായകനെ കാണാനായി വലിയ ആവേശത്തിൽ ആയിരുന്നു ആരാധകർ അവിടേക്ക് ഒഴുകിയെത്തിയത്.
