കോട്ടയം: പാലാ ബിഷപ്പ് ഹൗസിലേക്ക് ചില ആളുകൾ പ്രതിഷേധ മാർച്ച് നടത്തിയപ്പോൾ കത്തോലിക്ക കോൺഗ്രസ് പാലാ രൂപതാ ഡയറക്ടർ ഫാ. ജോർജ് ഞാറക്കുന്നേലിന്റെ നേതൃത്വത്തിൽ കത്തോലിക്കാ കോൺഗ്രസ് നേതാക്കളും ഞാൻ ഉൾപ്പടെ വിവിധ രാഷ്ട്രിയ പാർട്ടി നേതാക്കളും പാലായിലെ ബഹുജനങ്ങളും അരമനക്ക് മുന്നിൽ സംഘടിക്കുകയും പ്രതിരോധിക്കുകയും ചെയ്തു എന്ന യാഥാർത്ഥ്യം മറച്ചുവെച്ചുകൊണ്ട് താനാണ് അരമനക്ക് സംരക്ഷണ കവചം ഒരുക്കിയത് എന്ന പി.സി. ജോർജിന്റെ പ്രസ്താവനകൾ അടിസ്ഥാന രഹിതമാണെന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
അന്നേദിവസം ആ പരിസരത്ത് പോലും വരാത്ത ജോർജ് താനാണ് എല്ലാം മുമ്പിൽ നിന്ന് പ്രതിരോധിച്ചത് എന്ന് പ്രചരിപ്പിക്കുന്നത് വെറും ബഡായിയും പച്ച കള്ളവുമാണ് .
അടുത്ത ദിവസം കാസ എന്നു പറയുന്ന സംഘടനയുമായി ജോർജ് എത്തി അവിടെ മുസ്ലിം – ക്രെസ്തവ വിഭജനം ഉണ്ടാക്കുന്ന തരത്തിലുള്ള കടുത്ത വർഗീയ പരാമർശം നടത്തുകയാണ് ചെയ്തത്.
കാസയുടെ നേതൃത്വത്തിൽ ഉള്ള മാർച്ച് ആണെന്നറിയാതെ ആ വഴി വന്ന ഞാനും ആ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത വ്യക്തിയാണ്.
കത്തോലിക്കാ കോൺഗ്രസ് പാലാരൂപത ഡയറക്ടർ ഫാ.ജോർജ് ഞാറക്കുന്നേൽ പറഞ്ഞതുപോലെ തുടർന്നുള്ള ദിവസങ്ങളിൽ കുരിശുപള്ളി കവലയിലും മറ്റ് മേഖലയിലും കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികളിലും ഇടിച്ചുകയറി താനാണ് കത്തോലിക്കരുടെ സംരക്ഷകൻ എന്ന് വരുത്തുവാൻ ഉള്ള ശ്രമം മാത്രമാണ് ജോർജ് നടത്തിയിരുന്നത് എന്ന് സജി പറഞ്ഞു .
നട്ടാശ്ശേരി വേമ്പിൻ കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ
നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തി ഗാനം പാടിയതിന്റെ പേരിൽ ഹിന്ദു ഐക്യവേദി നേതാവ് ശശികല നടത്തിവരുന്ന വർഗീയ പരാമർശങ്ങളെ തടയാൻ ഗവൺമെന്റ് തയ്യാറാവണമെന്നും സജി ആവശ്യപ്പെട്ടു .
ശശികലയുടെ ഇത്തരം പരാമർശങ്ങൾ സംബന്ധിച്ച് പി.സി.ജോർജും ബിജെപിയുടെ ക്രിസ്ത്യൻ ഔട്ട് റീച്ച് നേതാക്കളും പ്രതികരിക്കാത്തത് അത്ഭുതകരമാണെന്നും സജി പറഞ്ഞു.
കത്തോലിക്കാ കോൺഗ്രസ് പി.സി.ജോർജിന്റെ നുണപ്രചരണങ്ങൾ തുറന്ന് കാട്ടിയതിന്റെ പേരിൽ വൈരാഗ്യം തീർക്കാൻ കാസാ എന്ന കത്തോലിക്ക വിരുദ്ധ സംഘടന ഉപയോഗിച്ച് ജോർജും കൂട്ടാളികളും കത്തോലിക്ക സഭക്കും പിതാക്കന്മാർക്കും പുരോഹിതർക്കും എതിരെ നടത്തുന്ന സൈബർ ആക്രമങ്ങൾ അവസാനിപ്പിക്കണമെന്നും കോട്ടയം പ്രസ്ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഗണേഷ് ഏറ്റുമാനൂർ, എം.എം. ഖാലിദ് ,രാജേഷ് ഉമ്മൻ കോശി എന്നിവരും പത്രസമ്മേളത്തിൽ പങ്കെടുത്തു.
