തിരുവനന്തപുരം: നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്ന് ഹർത്താൽ. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. ഹർത്താൽ ആരംഭിച്ച് ആദ്യമണിക്കൂറുകളിൽ തന്നെ ഹർത്താൽ അനുകൂലികൾ തിരുവനനന്തപുരം തമ്പാനൂർ, നെടുമങ്ങാട്, കഴക്കൂട്ടം കണിയാപുരം ഭാഗത്ത് കെഎസ്ആർടിസി ബസുകൾ തടഞ്ഞു. ഇവിടങ്ങളിലെ ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് ഹർത്താൽ അനുകൂലികളുടെ പ്രതിഷേധം. സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.
എന്നാൽ, ഇരുചക്ര വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കുക, ഉത്തരവാദികളുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താലിലിൽനിന്ന് അവശ്യസേവനങ്ങളെയും തൃശ്ശൂർ വെടിക്കെട്ട് അപകടം നടന്ന പ്രദേശവും ഒഴിവാക്കിയിട്ടുണ്ട്.
നഷ്ടപരിഹാരമായി കുടുംബത്തിന് 10 കോടിരൂപ നൽകുക, കോളേജിന്റെ അംഗീകാരം റദ്ദാക്കുക, വിദ്യാലയങ്ങളിലെ ജാതിവിവേചനം അവസാനിപ്പിക്കാൻ നിയമം നടപ്പാക്കുക, കണ്ണൂർ എസ്.പി.യെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളും കൗൺസിൽ ഉന്നയിക്കുന്നു.
