തിരുവനന്തപുരം: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെയുള്ള ലൈംഗിക പരാതിയിൽ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക വഞ്ചനക്കും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. പ്രണയം നടിച്ച് 49 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പ്രവാസി വ്യവസായിയായ യുവതിയുടെ ഷിയാസിനെതിരായ പരാതി.
യുവതിയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെ
2023 ജൂണിൽ സോഷ്യൽ മീഡിയ വഴിയാണ് ഷിയാസ് കരീമിനെ പരിചയപ്പെടുന്നത്. പരിചയം സൗഹൃദമായി. 2024ൽ ഷിയാസിനൊപ്പം ലിവിംഗ് റിലേഷനിലാവുകയും ചെയ്തു. പലപ്പോഴായി തൻ്റെ കൈയ്യിൽ നിന്ന് 10 ലക്ഷം രൂപ ഷിയാസ് കൈക്കലാക്കി. തൻറെ കുടുംബ സ്വത്ത് വിറ്റ കാര്യം അറിഞ്ഞതിന് പിന്നാലെ വീണ്ടും 22 ലക്ഷം രൂപ വാങ്ങി. ജിം തുടങ്ങാനെന്നാണ് പറഞ്ഞത്. ജിം തുടങ്ങിയാൽ അതിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനവും നൽകി.
അതിനിടെ ആരോഗ്യ പ്രശ്നത്തെ തുടർന്ന് തൻറെ ഗർഭപാത്രം നീക്കി. ആ സമയം ഷിയാസ് തനിക്ക് മറ്റൊരു വിവാഹം കഴിക്കണമെന്ന് പറഞ്ഞു. വാഹത്തിനായി വസ്ത്രങ്ങൾ എടുക്കാനും വിവാഹ സൽക്കാരം നടത്താനുമെന്ന പേരിൽ ഷിയാസ് തൻറെ കയ്യിൽ നിന്ന് പണം വാങ്ങി. കൂടാതെ വിവാഹത്തിന് ശേഷവും താനുമായി അടുപ്പം തുടർന്നുവെന്നും ലൈംഗിക ചൂഷണം നടത്തി.
കൊച്ചിയിലും കോഴിക്കോടുമായി പല ഹോട്ടലുകളിലും താൻ ലൈംഗിക ചൂഷണത്തിന് ഇരയായി.ഇത് താൻ എതിർത്തതോടെ സുഹൃത്തുമായി തൻറെ കോഴിക്കോടുള്ള ഫ്ലാറ്റിൽ അതിക്രമിച്ച് കയറുകയായിരുന്നു. അവിടെയെത്തി സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും ഇതടക്കം ഷിയാസിനൊപ്പമുള്ള നഗ്നദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിയോടൊപ്പം 49 ലക്ഷം രൂപ തട്ടിയെടുത്തതായും യുവതി പരാതിയിൽ പറയുന്നു.
