ചെന്നൈയിലെ നങ്കനല്ലൂരിലുള്ള വസതിയിൽ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും വസ്ത്രവ്യാപാര രംഗത്തെ സംരംഭകയുമായ നാഗലക്ഷ്മി(42)യെ വീടിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. നാഗലക്ഷ്മിയെ കൊലപ്പെടുത്തിയ ഭർത്താവ് സുബ്രഹ്മണ്യനെ(52) വീട്ടിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.
ഇൻസ്റ്റഗ്രാമിൽ മൂന്നരലക്ഷത്തോളം ഫോളോവേഴ്സുള്ള കണ്ടന്റ് ക്രിയേറ്ററാണ് നാഗലക്ഷ്മി. കൂടാതെ ‘ശ്രീ സായ് സിൽക്ക്സ്’ എന്ന പേരിൽ സാരി വിൽപ്പന ആരംഭിച്ച ഇവർ പിന്നീട് ചെന്നൈയിൽ ഇതേ പേരിൽ വലിയ വ്യാപാരസ്ഥാപനവും തുടങ്ങിയിരുന്നു.
അതേസമയം ദാമ്പത്യപ്രശ്നങ്ങളെത്തുടർന്ന് ദീർഘകാലമായി സുബ്രഹ്മണ്യനുമായി അകന്നു കഴിയുകയായിരുന്നു ഇവർ. മധുരയിൽ ബന്ധുവിനൊപ്പം താമസിച്ചിരുന്ന സുബ്രഹ്മണ്യൻ അടുത്തിടെയാണ് നങ്കനല്ലൂരിലെ വീട്ടിലെത്തിയത്. നാഗലക്ഷ്മിയുമായി വീണ്ടും ഒത്തുപോകാൻ ഇയാൾ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസിന്റെ നിഗമനം.
സുബ്രഹ്മണ്യൻ-നാഗലക്ഷ്മി ദമ്പതിമാർക്ക് രണ്ട് ആൺമക്കളാണുള്ളത്. ഇതിൽ മൂത്ത മകൻ റഷ്യയിൽ എംബിബിഎസ് വിദ്യാർഥിയാണ്. രണ്ടാമത്തെ മകൻ ചെന്നൈയിൽ ദന്തൽ വിദ്യാർഥിയും. വീട്ടിൽ അതിക്രമിച്ചു കയറിയ സുബ്രഹ്മണ്യൻ നാഗലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ചെന്നൈയിൽ ദന്തൽ വിദ്യാർഥിയായ തന്റെ രണ്ടാമത്തെ മകന് ഫോണിൽ സന്ദേശം അയച്ച ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്.
സന്ദേശം കണ്ടയുടൻ വീട്ടിലേക്കെത്തിയപ്പോഴാണ് നാഗലക്ഷ്മിയെ മകൻ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. വീട്ടിലെ മറ്റൊരു മുറിയിൽ സുബ്രഹ്മണ്യനും തൂങ്ങിമരിച്ച നിലയിലായിരുന്നു. തുടർന്ന് മകനാണ് മറ്റുള്ളവരെയും പോലീസിനെയും വിവരമറിയിച്ചത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)
