ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ദ്രാവിഡ രാഷ്ട്രീയത്തെ നടുക്കി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അപ്രതീക്ഷിത പരാജയം. കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥി വി.എസ് ബാബു 9122 വോട്ടുകൾക്കു ജയിച്ചു. തിരുനെൽവേലി രാധാപുരത്ത് സ്പീക്കർ എ.അപ്പാവു തോറ്റു. ഇവിടെ ജയിച്ചത് ടിവികെ സ്ഥാനാർഥി ക്രിസ്റ്റഫർ. കന്നിപ്പോരാട്ടത്തിൽ തന്നെ വെട്രിക്കൊടി പാറിച്ച് വിജയ്.
സംസ്ഥാനത്തുടനീളം വീശിയടിച്ച വിജയ് തരംഗത്തിൽ ഭരണകക്ഷിയായ ഡിഎംകെ തകർന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ഏറ്റവും പുതിയ ഔദ്യോഗിക വിവരങ്ങൾ പ്രകാരം മൂന്ന് സീറ്റുകളിൽ വിജയിച്ച ടിവികെ 105 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഡിഎംകെ അഞ്ച് സീറ്റുകളിൽ വിജയിച്ചെങ്കിലും വെറും 53 സീറ്റുകളിൽ മാത്രമാണ് നിലവിൽ മുന്നിലുള്ളത്. എഐഎഡിഎംകെ 45 സീറ്റുകളിൽ ലീഡ് നിലനിർത്തുന്നു.
