വി.ഡി.സതീശൻ കേരളാ മുഖ്യമന്ത്രി. ദില്ലിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ചയുണ്ടാവുമെന്നാണു സൂചന. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ‘ആരാണ് മുഖ്യമന്ത്രി?’ എന്ന ചോദ്യമാണ് കേരള രാഷ്ട്രീയത്തിലെ പ്രധാന ചർച്ചയായിരുന്നത്. 11 ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ ചർച്ചകൾക്ക് വിരാമമിട്ട് ഹൈക്കമാൻഡ് സതീശന്റെ പേര് പ്രഖ്യാപിച്ചു.
ഈ മാസം നാലിനാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന അസം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും ഇതിനകം മന്ത്രിസഭ അധികാരമേറ്റു. എന്നാല്‍ വലിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് വിജയിച്ചിട്ടും കേരളത്തില്‍ മന്ത്രിസഭാ രൂപീകരണം വൈകുന്നതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പൊട്ടിത്തെറികള്‍ ഉണ്ടായിട്ടുണ്ട്. പലയിടത്തും ജനങ്ങള്‍ നേതാക്കളെ ചോദ്യം ചെയ്തു തുടങ്ങിയതോടെ സഖ്യകക്ഷികള്‍ അടക്കം സഹികെട്ടു. സഖ്യകക്ഷി നേതാക്കളും ഇക്കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
