കൊച്ചി: മോഡലിംഗ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയി വൻ സെക്സ് റാക്കറ്റിൽ കുടുക്കിയ കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
ഇന്നലെ പിടിയിലായ കൊച്ചി സ്വദേശിനിയായ മോഡൽ അലീനയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. മുംബൈയിൽ നിന്ന് പിടിയിലായ മറ്റൊരു പ്രതിയായ സിന്ധുവിനെ ഇന്ന് കൊച്ചിയിലെത്തിക്കും.
വിദേശത്ത് എത്തിച്ച് നിരവധി യുവതികൾ പീഡനത്തിനിരയായതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെങ്കിലും ഇതുവരെ മൂന്ന് പരാതികൾ മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ദുബായിൽ എത്തിച്ച ശേഷം യുവതികൾക്ക് ലഹരി നൽകി ക്രൂരമായി പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി നിയന്ത്രണത്തിലാക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
മുംബൈയിൽ നിന്ന് സിന്ധുവിനെയും കൊച്ചിയിൽ നിന്ന് അലീനയുമാണ് പോലീസ് പിടികൂടിയത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അലീനയ്ക്ക് നേരത്തെ ക്രിമിനൽ കേസുമായും ഗുണ്ടാസംഘങ്ങളുമായും ബന്ധമുണ്ടെന്നും പോലീസ് പറയുന്നു.
