തിരുവനന്തപുരം: സി എം ആർ എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡുകളിൽ നിന്ന് കേസുമായി ബന്ധപ്പെട്ട പ്രധാന തെളിവുകൾ ലഭിച്ചതായാണ് ഇ ഡി ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുൾപ്പെടെ പത്ത് ഇടങ്ങളിലായിരുന്നു ബുധനാഴ്ച പരിശോധന നടന്നത്. പരിശോധനയിൽ ലഭിച്ച രേഖകളും ഡിജിറ്റൽ വിവരങ്ങളും വിശദമായി പരിശോധിച്ച് വരികയാണ്.
അന്വേഷണത്തിന്റെ ഭാഗമായി വീണ വിജയന് വീണ്ടും നോട്ടീസ് നൽകാനുള്ള സാധ്യതയും ഉയരുന്നുണ്ട്. ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കി തുടർനടപടികൾ ഉടൻ സ്വീകരിക്കുമെന്നാണ് സൂചന.
ഡയറിയിൽ പരാമർശിക്കുന്ന മറ്റ് വ്യക്തികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ബാങ്ക് അക്കൗണ്ടുകളുടെയും സാമ്പത്തിക ഇടപാടുകളുടെയും പരിശോധനയും പുരോഗമിക്കുകയാണ്.
ഇതിനിടെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ വീണ്ടും സമീപിക്കാനൊരുങ്ങുകയാണ് സി എം ആർ എൽ പ്രതിനിധികൾ. ഇതുസംബന്ധിച്ച അപ്പീൽ ഉടൻ സമർപ്പിക്കാനാണ് തീരുമാനം.
കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ഫോണുകളും ലാപ്ടോപ്പുകളും ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.
