2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നേട്ടം കൈവരിച്ചതായി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) അറിയിച്ചു. ഈ കാലയളവിൽ 19.72 ലക്ഷം മെട്രിക് ടൺ സമുദ്രോത്പന്നങ്ങളാണ് രാജ്യം കയറ്റുമതി ചെയ്തത്. ഇതിലൂടെ ₹73,890.46 കോടി (8.46 ബില്യൺ ഡോളർ) വരുമാനം ലഭിച്ചു.
ആഗോള വ്യാപാര രംഗത്തെ വെല്ലുവിളികൾക്കിടയിലും കയറ്റുമതിയുടെ അളവിലും മൂല്യത്തിലും എക്കാലത്തെയും മികച്ച പ്രകടനമാണ് രേഖപ്പെടുത്തിയതെന്ന് എംപിഇഡിഎ ചെയർമാൻ പി. ജവഹർ വ്യക്തമാക്കി. ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ പ്രധാന ഇറക്കുമതി രാജ്യങ്ങളായി അമേരിക്കയും ചൈനയും തുടരുകയാണ്.
സമുദ്രോത്പന്ന കയറ്റുമതിയിൽ ശീതീകരിച്ച ചെമ്മീൻ (Frozen Shrimp) തന്നെയാണ് ഏറ്റവും വലിയ പങ്കുവഹിച്ചത്. മൊത്തം കയറ്റുമതി അളവിന്റെ 40.19 ശതമാനവും വരുമാനത്തിന്റെ 66.52 ശതമാനവും ചെമ്മീനിൽ നിന്നായിരുന്നു. 2025-26ൽ 7.92 ലക്ഷം മെട്രിക് ടൺ ചെമ്മീനാണ് കയറ്റുമതി ചെയ്തത്.
അമേരിക്ക 2.56 ലക്ഷം മെട്രിക് ടൺ ചെമ്മീൻ ഇറക്കുമതി ചെയ്ത് ഏറ്റവും വലിയ വിപണിയായി തുടർന്നു. ചൈന, യൂറോപ്യൻ യൂണിയൻ, തെക്കുകിഴക്കൻ ഏഷ്യ, ജപ്പാൻ, മിഡിൽ ഈസ്റ്റ് എന്നിവയും പ്രധാന വിപണികളായിരുന്നു.
കയറ്റുമതിയിൽ രണ്ടാമത് സ്ഥാനത്ത് ശീതീകരിച്ച മത്സ്യമാണ്. ഈ വിഭാഗത്തിൽ നിന്ന് ₹5,658 കോടി വരുമാനം ലഭിച്ചു. ഉണക്കിയ മത്സ്യം മൂന്നാമത്തെ വലിയ കയറ്റുമതി വിഭാഗമായി മാറി. ശീതീകരിച്ച കണവ, കട്ടിൽഫിഷ് എന്നിവയുടെ കയറ്റുമതിയിലും ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി.
വിദേശ വിപണികളിൽ അമേരിക്കയാണ് ഇന്ത്യയുടെ ഏറ്റവും വലിയ സമുദ്രോത്പന്ന ഉപഭോക്താവ്. അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ശീതീകരിച്ച ചെമ്മീൻ തന്നെയാണ് പ്രധാന ഉൽപ്പന്നം. യുഎസ് വിപണിയിലേക്കുള്ള കയറ്റുമതിയിൽ ചില കുറവുകൾ രേഖപ്പെടുത്തിയെങ്കിലും മൊത്തത്തിൽ ഇന്ത്യയുടെ സമുദ്രോത്പന്ന മേഖല മികച്ച വളർച്ചയാണ് 2025-26 സാമ്പത്തിക വർഷത്തിൽ കൈവരിച്ചത്.
