കേരളം: ജൂൺ 4-ന് തെക്കുപടിഞ്ഞാറൻ മൺസൂൺ കേരള തീരത്ത് എത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. മൺസൂൺ മുന്നോടിയായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഐഎംഡി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വർഷം മെയ് 26-ന് തന്നെ കേരളത്തിൽ മൺസൂൺ എത്തുമെന്നായിരുന്നു ആദ്യ പ്രവചനം. എന്നാൽ കാലാവസ്ഥാ സാഹചര്യങ്ങളിലെ മാറ്റത്തെ തുടർന്ന് മൺസൂണിന്റെ പ്രവേശനം വൈകുകയായിരുന്നു. ജൂൺ 1-നകം കേരളത്തിലെത്തുമെന്ന പ്രതീക്ഷയും സഫലമായിരുന്നില്ല. ഒടുവിൽ ജൂൺ 4-ന് മൺസൂൺ സംസ്ഥാനത്ത് ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പുതിയ വിലയിരുത്തൽ.
മെയ് 16-ന് തന്നെ മൺസൂൺ പ്രവാഹം ആൻഡമാൻ കടലിലും തെക്കൻ ശ്രീലങ്കയിലും സാധാരണ സമയത്തേക്കാൾ മുമ്പ് എത്തിയിരുന്നു. പിന്നീട് രൂപപ്പെട്ട ചുഴലിക്കാറ്റ് തെക്കൻ കേരളത്തിന് മഴ ലഭിക്കാൻ സഹായിച്ചെങ്കിലും, വടക്കൻ കേരളത്തിലേക്ക് മൺസൂൺ വ്യാപിക്കുന്നത് തടസപ്പെടുത്തിയതായി ഐഎംഡി ഡയറക്ടർ നീത കെ. ഗോപാൽ വ്യക്തമാക്കി.
ഇപ്പോൾ ആ കാലാവസ്ഥാ സംവിധാനം വടക്കോട്ട് നീങ്ങിയതോടെ മൺസൂൺ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ അനുകൂല സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കേരളത്തിന്റെ മുഴുവൻ പ്രദേശങ്ങളിലേക്കും മൺസൂൺ വ്യാപിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, ശക്തമായ തുടക്കത്തിനുശേഷം ജൂൺ മാസത്തിൽ മഴയുടെ തീവ്രത കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയ്ക്കും കൊടുങ്കാറ്റിനും ശേഷം മൺസൂൺ പ്രവാഹത്തിന്റെ വേഗതയും ശക്തിയും കുറയാൻ സാധ്യതയുള്ളതിനാൽ ജൂൺ മാസത്തിലെ മൊത്തം മഴയുടെ അളവിനെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതായും നീത കെ. ഗോപാൽ പറഞ്ഞു.
