കാസർകോട്: ബൈക്ക് അപകടത്തിൽ പ്രതിശ്രുത വരൻ മരിച്ചതിന്റെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കിയതായി റിപ്പോർട്ട്.
കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ല (24) ആണ് തൂങ്ങിമരിച്ചത്. തന്റെ മൃതദേഹം പ്രിയപ്പെട്ടവനെ അടക്കം ചെയ്ത മണ്ണിൽ തന്നെ സംസ്കരിക്കണമെന്ന പ്രഫുല്ലയുടെ അവസാന ആഗ്രഹം ഇരു കുടുംബങ്ങളും ചേർന്ന് നിറവേറ്റും.
നാല് മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഒരു മാസം മുമ്പ് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇതിന്റെ ആഘാതത്തിലാണ് പ്രഫുല്ല ആത്മഹത്യ ചെയ്തതെന്നാണ് വിവരം.
വീട്ടിലെ ഹാളിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. മണിയുടെ സംസ്കാരം നടന്ന സ്ഥലത്ത് തന്നെയും സംസ്കരിക്കണമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. നിലവിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.
