അഹമ്മദാബാദ്: അഹമ്മദാബാദിലെ ചന്ദ്ഖേഡയിൽ രണ്ട് സഹോദരിമാരുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ വഴിത്തിരിവ്. ദോശ മാവ് കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തിൽ തുടങ്ങിയ കേസ് ഇപ്പോൾ കൂട്ട ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഇവരുടെ മാതാപിതാക്കളുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടായതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്.
അതേസമയം ഏപ്രിൽ 4 ന് കുടുംബം മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ അന്ത്യകർമങ്ങൾ രഹസ്യമായി നടത്തിയതിന്റെ കാരണവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ രണ്ടാമത്തെ മകൾ മരിച്ച ശേഷമാണ് ആദ്യത്തെ മരണം പുറത്തറിഞ്ഞത്. ഒരുമിച്ചുണ്ടാക്കിയ, 200 ലേറെ പേർ വാങ്ങിയ ദോശമാവ് ഒരു കുടുംബത്തിന് മാത്രം വിഷാംശമുള്ളതായെന്ന ആരോപണത്തിലും വ്യക്തത വരേണ്ടതുണ്ട്.
ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് നിഗമനം. പോസ്റ്റ്മോർട്ടത്തിൽ കുട്ടികളുടെ ശരീരത്തിൽ കണ്ടെത്തിയ വിഷം ദോശമാവിൽ നിന്നാണോ മറ്റേതെങ്കിലും വഴി ശരീരത്തിൽ കടന്നതാണോയെന്നാണ് വ്യക്തമാകേണ്ടത്. കുടുംബം ഇപ്പോൾ കനത്ത പൊലീസ് സുരക്ഷയിലാണ്.
