ന്യൂയോര്‍ക്ക്: ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. പത്ത് ദിവസം നീണ്ടുനിന്ന ചാന്ദ്ര പര്യവേക്ഷണത്തിന് ശേഷം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. 54 വർഷത്തിന് ശേഷമാണ് മനുഷ്യർ ചന്ദ്രന്റെ മറുപുറം കണ്ട് തിരിച്ചെത്തിയിരിക്കുന്നത്.
അതേസമയം എറ്റവും കൂടുതൽ ദൂരം അകലേക്ക് സഞ്ചരിച്ച മനുഷ്യരാണിപ്പോൾ ആർട്ടെമിസ് 2 സംഘത്തിലെ നാല് പേർ. 1970ൽ ഭൂമിയിൽ നിന്ന് 4,00,171 കിലോമീറ്റർ അകലെ വരെ സഞ്ചരിച്ച അപ്പോളോ 13 സംഘത്തിന്റെ 1970ലെ റെക്കോർഡ് ഇന്നലെ രാത്രി 11:26നാണ് ഒറയോൺ ഇന്റഗ്രിറ്റി പേടകം മറികടന്നത്.
നാസയുടെ ഔദ്യോഗിക അറിയിപ്പ് പ്രകാരം നാല് ബഹിരാകാശ സഞ്ചാരികളും പൂർണ്ണ ആരോഗ്യവാന്മാരാണ്. അമേരിക്കൻ സഞ്ചാരികളായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്, കനേഡിയൻ സഞ്ചാരി ജെറമി ഹാൻസൺ എന്നിവരാണ് ദൗത്യത്തിലുണ്ടായിരുന്നത്.
