കോട്ടയം : തിരുവല്ലയിൽ ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തിരുവല്ല വെണ്‍പാല തൊഴുവത്തുംതറ വീട്ടില്‍ ടി.ജി രാജഗോപാലന്റെയും കുറ്റൂര്‍ പഞ്ചായത്ത് സിഡിഎസ് ചെയര്പേഴ്സന് സ്മിത രാജഗോപാലിന്റെയും മകന് ഗോവിന്ദ രാജ് (23) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെ തിരുവല്ല – കായംകുളം സംസ്ഥാന പാതയില്‍ കാവുംഭാഗം അമ്പിളി പാലത്തിലാണ് അപകടം.
ബൈക്കില്‍ നിന്നും 15 അടിയോളം ദൂരത്തില്‍ തെറിച്ചുവീണ ഗോവിന്ദ രാജ് തോട്ടിലെ വെള്ളത്തില്‍ മുങ്ങിപ്പോകുക ആയിരുന്നു. വന്‍ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തോട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസിലും അഗ്നി രക്ഷാനിലയത്തിലും വിവരമറിയിച്ചു. അവര്‍ എത്തി നടത്തിയ പരിശോധനയിലാണ് തോട്ടിലെ വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ ഗോവിന്ദനെ കണ്ടെത്തിയത്. ഉടന്‍തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
