നാൽപ്പത്തിരണ്ടാം വയസ്സിലും ലുക്കും ചുറുചുറുക്കും കാത്തുസൂക്ഷിക്കുന്ന തൃഷ കൃഷ്ണന് മലയാളം തമിഴ് സിനിമ ലോകത്ത് ആരാധകർ ഏറെയാണ്.
പതിറ്റാണ്ടുകൾക്ക് മുൻപ് ‘മൗനം പേസിയതേ’ എന്ന സിനിമയിൽ കണ്ട അതേ പ്രസരിപ്പോടും തിളക്കത്തോടും കൂടി താരം ഇന്നും സ്ക്രീനിൽ നിറഞ്ഞുനിൽക്കുകയാണ്. കഴിഞ്ഞ മെയ് 4-ന് തൃഷ തന്റെ 43-ാം ജന്മദിനം ആഘോഷിക്കുമ്പോഴും ആരാധകരെ അദ്ഭുതപ്പെടുത്തിയത് താരത്തിന്റെ മാറ്റമില്ലാത്ത രൂപം തന്നെയാണ്. പലരും ഇതിനെ ‘റിവേഴ്സ് ഏജിംഗ്’ എന്ന് വിളിക്കുമ്പോൾ, തൃഷയ്ക്ക് പറയാനുള്ളത് വളരെ ലളിതമായ ചില കാര്യങ്ങളാണ്.
ക്ലെൻസിങ്ങും മോയ്സ്ചറൈസിങ്ങും
സൗന്ദര്യസംരക്ഷണത്തിനായി താരം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് ചർമം ക്ലൻസ് ചെയ്യുന്നതിലും ചർമത്തിൽ ഈർപ്പം നിലനിർത്തുന്നതിലുമാണ്. തൃഷ പുറത്തുപോയി വന്നാലുടൻ ചർമ്മത്തിലെ അഴുക്കുകൾ നീക്കം ചെയ്യാൻ ക്ലെൻസിങ് നിർബന്ധമായും താരം ചെയ്യാറുണ്ട്. അതിനുശേഷം ചർമ്മത്തിന്റെ ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ നല്ലൊരു മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് ചർമ്മം മൃദുവാക്കാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ തടയാനും ഇത് സഹായിക്കുന്നു. കൂടാതെ സൺസ്ക്രീനിന്റെ ഉപയോഗം താരം ഒരിക്കലും മുടക്കാറില്ല.
ചന്ദനം കൊണ്ടുള്ള നാടൻ കൂട്ട്
ഇന്നത്തെ കാലത്തെ സൗന്ദര്യ വർദ്ധക വസ്തുക്കൾക്കൊപ്പം തന്നെ നാടൻ രീതികൾക്കും തൃഷ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ചന്ദനം കൊണ്ടുള്ള പ്രത്യേക ഫേസ് പാക്കുകൾ തൃഷയുടെ സൗന്ദര്യ സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. ചർമ്മത്തിന് തണുപ്പേകാനും സ്വാഭാവികമായ തിളക്കം നൽകാനും ചന്ദനം വളരെ അധികം സഹായിക്കുന്നു. കെമിക്കലുകൾ നിറഞ്ഞ ഉൽപ്പന്നങ്ങൾക്ക് പകരം ഇത്തരം പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതാണ് തന്റെ ചർമ്മത്തിന്റെ ആരോഗ്യത്തിന് പിന്നിലെന്ന് താരം പറയുന്നു.
കൂടാതെ സ്ട്രെസ്സ് കുറയ്ക്കാനായി താരം യോഗയും മെഡിറ്റേഷനും പതിവായി ചെയ്യുന്നു. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും താരം വർക്കൗട്ടുകൾ മുടക്കാറില്ല. ചിട്ടയായ ഈ ജീവിതശൈലിയാണ് തൃഷയുടെ സൗന്ദര്യ രഹസ്യം.
