മുംബൈ: മുംബൈയിലെ പൈധുനിയിൽ ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഭെണ്ടി ബസാർ നിവാസികളായ 40കാരനായ അബ്ദുല്ല ദൊക്കാഡിയ ഭാര്യ നസ്റീൻ ദോക്കാഡിയ (35) മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. അന്ധേരിയിൽ മൊബൈൽ ഷോപ്പ് നടത്തുകയായിയപുന്നു അബ്ദുല്ല. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഏപ്രിൽ 25-ന് രാത്രി പത്തരയോടെ ഇവർ ബന്ധുക്കൾക്കൊപ്പം ബിരിയാണി കഴിച്ചിരുന്നു. ബന്ധുക്കൾ മടങ്ങിയ ശേഷം, ഒന്നരയോടെ കുടുംബത്തിലെ നാലുപേർ തണ്ണിമത്തൻ കഴിച്ചതായി പോലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ ഇവർക്ക് കഠിനമായ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ആദ്യം കുടുംബ ഡോക്ടറെ കാണിച്ചെങ്കിലും പിന്നീട് ഇവരെ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ ഇളയ മകൾ സൈനബ് ആണ് ആദ്യം മരിച്ചത്. രാത്രി പിതാവ് അബ്ദുള്ളയും മരിച്ചു. പിന്നീട് മാതാവും മൂത്ത മകളും മരണത്തിന് കീഴടങ്ങി. ഭക്ഷ്യവിഷബാധയേറ്റതാകാം മരണകാരണമെന്നാണ് പോലീസ് നിഗമനം.
സംഭവത്തിൽ ജെ.ജെ മാർഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും രാസപരിശോധനാ ഫലങ്ങൾ ലഭിച്ചാൽ മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം തണ്ണിമത്തന് പോലെ സാധാരണമായി കഴിക്കുന്ന ഒരു പഴത്തിന് ഭക്ഷ്യവിഷബാധയുണ്ടാക്കാനും ഇത്രയും ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കാനും കഴിയുമോ എന്ന ചോദ്യങ്ങള്‍ ഈ സംഭവം ഉയര്‍ത്തുന്നു. കണ്‍സള്‍ട്ടന്റ് ന്യൂട്രീഷ്യനിസ്റ്റ് രൂപാലി ദത്തയുടെ അഭിപ്രായത്തില്‍, തണ്ണിമത്തന് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും മരണത്തിന് വരെയും കാരണമായേക്കാം.
തണ്ണിമത്തനിലെ ഉയര്‍ന്ന ജലാംശവും പ്രകൃതിദത്ത പഞ്ചസാരയുടെ സാന്നിധ്യവും ബാക്ടീരിയകള്‍ക്ക് വേഗത്തില്‍ വളരാന്‍ അനുയോജ്യമായ സാഹചര്യമൊരുക്കുന്നുവെന്ന് അവര്‍ വിശദീകരിക്കുന്നു. തണ്ണിമത്തന്റെ മധുരം വര്‍ദ്ധിപ്പിക്കാനോ ആകര്‍ഷകമാക്കാനോ ആയി ഗ്ലൂക്കോസ് ലായനിയോ പഞ്ചസാര വെള്ളമോ അതിലേക്ക് കുത്തിവെക്കുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇത്തരത്തില്‍ മലിനമായ തണ്ണിമത്തനിലേക്ക് ഇത്തരം ദ്രാവകങ്ങള്‍ കുത്തിവെക്കുന്നത് ബാക്ടീരിയകളുടെ വളര്‍ച്ച ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്ന് രൂപാലി ദത്ത പറയുന്നു.
