തെക്കുപടിഞ്ഞാറൻ കാലവർഷം ഈ ആഴ്ച സംസ്ഥാനത്ത് എത്തുമെന്ന പ്രതീക്ഷയിൽ എറണാകുളം ജില്ലയിൽ ജില്ലാ, താലൂക്ക് തലങ്ങളിലെ അടിയന്തര ഓപ്പറേഷൻ സെന്ററുകൾ (DEOC, TEOC) 24 മണിക്കൂറും പ്രവർത്തനസജ്ജമാക്കി. കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ കേന്ദ്രത്തിന് പുറമേ ഏഴ് താലൂക്കുകളിലെയും കേന്ദ്രങ്ങൾ സജീവമാണ്.
ഏപ്രിൽ മുതൽ മെയ് വരെ ഉണ്ടായ ശക്തമായ വേനൽമഴയും കാറ്റും ജില്ലയിൽ 200-ലധികം വീടുകൾക്ക് നാശനഷ്ടമുണ്ടാക്കിയ സാഹചര്യത്തിലാണ് മുൻകരുതൽ നടപടികൾ ശക്തമാക്കിയത്. വെള്ളക്കെട്ട്, വെള്ളപ്പൊക്കം, ദുരന്തസാഹചര്യങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് ഉടൻ കൈമാറി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതാണ് കേന്ദ്രങ്ങളുടെ പ്രധാന ചുമതല.
മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്നും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗങ്ങൾ ചേർന്ന് തയ്യാറെടുപ്പുകൾ വിലയിരുത്തിയതായും ജില്ലാ ഭരണകൂടം അറിയിച്ചു
