കൊച്ചി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളായിരുന്നു യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ ഇന്നലത്തെ സ്ഥാനാർഥി പര്യടനത്തിലെ താരസാന്നിധ്യം. സ്ഥാനാർഥി പര്യടനം വെണ്ണലയിൽ എത്തിയപ്പോഴാണ് പാണക്കാട് മുനവ്വറലി തങ്ങൾ പ്രചാരണത്തിൽ പങ്ക് ചേർന്നത്. മതേതര സർക്കാർ അധികാരത്തിൽ വരേണ്ടത് ജനാധിപത്യ വിശ്വാസികളുടെ ഉത്തരവാദിത്വമാണെന്നും ഇന്ത്യയുടെ അസ്തിത്വം നിലനിർത്താൻ ഇന്ത്യ മുന്നണി ജയിക്കണമെന്നും ഹൈബി ഈഡൻ പാർലമെന്റിലെ ഗർജിക്കുന്ന യുവരക്തമാണെന്നും ഹൈബിയുടെ വിജയം അനിവാര്യമാണെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. മുൻ എൻ എസ് യു ഐ പ്രസിഡന്റായിരുന്ന ഹൈബി ഈഡനെ വിജയിപ്പിക്കാൻ എൻഎസ് യു ഐ പ്രസിഡന്റ് വരുൺ ചൗധരിയും എത്തിയിരുന്നു.തൃക്കാക്കര നിയോജകമണ്ഡലത്തിലായിരുന്നു ഇന്നലെ ഹൈബി ഈഡന്റെ പ്രചാരണം. ഉമതോമസ് എം എൽ എ യ്ക്കൊപ്പമായിരുന്നു തുറന്ന വാഹനത്തിലെ ഹൈബി ഈഡന്റെ സ്ഥാനാർഥി പര്യടനം. രാവിലെ ഇടപ്പള്ളിയിലെ പൊന്നുംചിറയിൽ നിന്നായിരുന്നു പ്രചാരണത്തിന് തുടക്കമായത്. ഒബ്രോൺ മാളിന് മുന്നിൽ നിന്ന് വെണ്ണല മണ്ഡലം കമ്മിറ്റിയുടെ സ്വീകരണ പരിപാടികൾ ആരംഭിച്ചു. ഉച്ചയ്ക്ക് ചക്കരപ്പറമ്പിൽ സമാപിച്ചു. ഉച്ച കഴിഞ്ഞ് തൃക്കാക്കര ജഡ്ജി മുക്കിൽ നിന്ന് പ്രചാരണം ആരംഭിച്ചു. പൊരിവെയിലിനെയും വക വെയ്ക്കാതെയാണ് അമ്മമാരും കുട്ടികളും അടക്കമുള്ള ജനക്കൂട്ടം ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിയത്. വൈകിട്ട് മനക്കകടവിൽ നിന്ന് സ്വീകരണം ആരംഭിച്ചപ്പോൾ തന്നെ പ്രവർത്തകർ വാദ്യമേളങ്ങളുമായി ഉത്സവ പ്രതീതി തീർത്തു. സന്ധ്യ കഴിഞ്ഞതോടെ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും പ്രവർത്തകർ ആവേശം തീർത്തു. രാത്രി വൈകി കാക്കനാട് ജംഗ്ഷനിലാണ് തുറന്ന വാഹനത്തിലെ സ്ഥാനാർഥി പര്യടനം സമാപിച്ചത്.