കോഴിക്കോട്: അഞ്ചാം ദിവസത്തേക്ക് കടക്കുകയാണ് മോട്ടോർ വാഹന ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെയുള്ള സമരം. ഇന്നും പ്രതിഷേധ സമരങ്ങൾ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നടക്കുകയുണ്ടായി. ഡ്രൈവിംഗ് ടെസ്റ്റുകൾ പലയിടങ്ങളിലും തടസ്സം നേരിടുകയും ചെയ്തു. കോഴിക്കോട് ടെസ്റ്റ് നടക്കുന്ന ഏഴ് കേന്ദ്രങ്ങളിൽ പലതിലും ഇന്ന് ടെസ്റ്റ് നടന്നിട്ടുണ്ടായിരുന്നില്ല. ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് മുക്കം ഡ്രൈവിംഗ് ഗ്രൗണ്ടിൽ പ്രതിഷേധപ്രകടനം നടന്നു.