ആഗോള പ്രതിസന്ധിക്കിടെ രാജ്യം വളരെ കഠിനമായ സാഹചര്യമാണ് നേരിടുന്നതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി .ഹൈദരാബാദില്‍ നടന്ന ഒരു പൊരുപരിപാടിയിലാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ആഗോള പ്രതിസന്ധി സമയത്ത് ജനത സാമ്പത്തിക അച്ചടക്കം സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
കോവിഡ് കാലഘട്ടത്തിലെ ജോലി രീതികളിലേക്ക് മടങ്ങാനും, വിദേശ ചെലവുകളില്‍ ബോധപൂര്‍വമായ താല്‍ക്കാലിക കുറവ് വരുത്താനും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം വിലകൂടിയ ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം തുറന്നുപറഞ്ഞു.
ജനങ്ങള്‍ പെട്രോളും ഡീസലും വിവേകപൂര്‍വം ഉപയോഗിക്കണം. ഇന്ധനച്ചെലവ് കുറക്കാന്‍ ഇത് സഹായിക്കും. കൂടാതെ നമ്മുടെ വിദേശനാണ്യത്തെ സംരക്ഷിക്കാനായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങരുതെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ദേശീയതാല്പര്യം മുന്‍നിര്‍ത്തി വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ്, വിര്‍ച്വല്‍ മീറ്റീങ് എന്നിവ വീണ്ടും തുടങ്ങണം. പെട്രോള്‍-ഡീസല്‍ വില വലിയ രീതിയില്‍ ഉയരുകയാണ്. ഈയൊരു സാഹചര്യത്തില്‍ നമ്മുടെ വിദേശനാണ്യം സംരക്ഷിക്കുകയെന്നത് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സാധ്യമെങ്കില്‍ ജനങ്ങള്‍ പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം കുറയ്ക്കാനും മെട്രോ ട്രെയിനുകള്‍ പോലുള്ള പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
