ഇൻഫ്ലുവൻസർ ദിയ കൃഷ്ണയെ അറിയാത്തവരായി ആരും ഇല്ല. ഇപ്പോഴിതാ മാലിദ്വീപ് സന്ദർശനത്തിനിടെ ദിയ കൃഷ്ണക്ക് ഉണ്ടായ ദുരനുഭവം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ദിയയും ഭർത്താവും കുഞ്ഞും ഇന്റിഗോ വിമാനത്തിലായിരുന്നു തിരുവനന്തപുരത്തു നിന്ന് മാലിദ്വീപിലേക്ക് യാത്ര ചെയ്തത്.
ദിയയുടെ പിറന്നാൾ ആഘോഷിക്കാനായിരുന്ന ഈ യാത്ര. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ തങ്ങളുടെ ലഗേജ് വിമാനത്തിൽ നിന്ന് എടുത്തുമാറ്റിയതായി അറിയിച്ചതാണ് വലിയ വിഷമമായി മാറിയത് എന്നാണ് ദിയ പറയുന്നത്.
“മൂന്നു പേരുടെയും വസ്ത്രങ്ങളുള്ള പെട്ടിയാണ് അറിയിക്കാതെയെടുത്തത്. ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയായി. കുട്ടിയുള്ള കുടുംബത്തോട് ഇങ്ങനെ ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാണ്,” എന്നാണ് ദിയ വ്ളോഗിൽ പറഞ്ഞത്.
എന്നാൽ ലഗേജ് ഒരു ദിവസം കഴിഞ്ഞ് എത്തുമെന്നും, അതുവരെ ആവശ്യമായ സാധനങ്ങൾ വാങ്ങിയാൽ പണം തിരികെ നൽകുമെന്നും ഇൻഡിഗോ അറിയിച്ചതായും ദിയ പറഞ്ഞു. എന്നാൽ സംഭവത്തിന് പിന്നാലെ നിരവധി പേർ സമാന അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയതോടെ വിഷയത്തിന് കൂടുതൽ ശ്രദ്ധ ലഭിച്ചിരിക്കുകയാണ്.
