കൊച്ചി: മുവാറ്റുപുഴയിലെ മാളിൽ കുട്ടികൾക്കായി ഓടിക്കുന്ന ടോയ് ബസ് ഇടിച്ച് വീട്ടമ്മയുടെ കാല് ഒടിഞ്ഞു. പായിപ്ര സ്വദേശിനി സൈനബ ബഷീറിനാണ് കാലിനാണു പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരത്തോടെ ഗ്രാൻഡ് സെൻട്രൽ മാളിലായിരുന്നു അപകടം നടന്നത്.
ഇവർ കുടുംബസമേതം മാളിൽ എത്തിയതായിരുന്നു. ടോയ് ബസിന് പിന്നിൽ നിൽക്കുമ്പോഴായിരുന്നു അപകടം. മാളിൽ പുതുതായി എത്തിച്ച ടോയ് ബസ് നിയന്ത്രിച്ചിരുന്ന ആളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ടോയ് ബസിന്റെ നിയന്ത്രണം വിട്ട ബസ് സൈനബയുടെ ദേഹത്തേക്ക് ഇടിച്ച് കയറുകയും താഴെ വീണ ഇവരുടെ കാലിലൂടെ ബസ് കയറി ഇറങ്ങുകയും ചെയ്തു. ഉടൻ തന്നെ സൈനബയെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.
