പാലക്കാട്: ക്രിക്കറ്റ് കളിയെന്നാല്‍ ആവേശമാണ് 74 വയസ്സുള്ള ഹേമചന്ദ്രന്‍ എം. നായര്‍ക്ക്. അന്തമാന്‍ നിക്കോബാറില്‍ എൻജിനീയറായി ജീവിതത്തിൻ്റെ ഏറിയപങ്കും കഴിച്ചുകൂട്ടിയപ്പോഴും ഒരു സ്വപ്നമായി ക്രിക്കറ്റ് മനസിൻ്റെ കോണിൽ തന്നെ ഉണ്ടായിരുന്നു. ഈ ആവേശം അദ്ദേഹത്തെ ഇപ്പോള്‍ എത്തിച്ചിരിക്കുന്നത് ലോകകപ്പ് ക്രിക്കറ്റിലേക്കാണ്. രാജ്യത്തിനായി ജൂലായ് 28 മുതല്‍ ഓഗസ്റ്റ് 11 വരെ ഇംഗ്ലണ്ടില്‍ നടക്കുന്ന മുതിര്‍ന്നപൗരന്മാരുടെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ പാഡണിയാൻ ഒരുങ്ങുകയാണ് ഹേമചന്ദ്രൻ നായർ. പാലക്കാട് കമലാലയം കോമ്പൗണ്ട് കോളനിയിൽ താമസിക്കുന്ന ഹേമചന്ദ്രൻ എത്തുന്നത് ടീമിൻ്റെ ക്യാപ്റ്റനായാണ്.