കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. മട്ടാഞ്ചേരി സ്വദേശി ഷംനാസ്, പള്ളുരുത്തി സ്വദേശി ഫാസില്‍ എന്നിവരാണ് പിടിയിലായത്.
സംഭവത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. പാലാരിവട്ടം പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്ച രാത്രി 10.15 ഓടെയാണ് കേസിനാസ്പദമായ സംഭവം. പാലാരിവട്ടം റിനൈ മെഡിസിറ്റി സന്ദര്‍ശിച്ച് പുറത്തിറങ്ങിയ ട്രാന്‍സ്ജെന്‍ഡറായ ഏയ്ഞ്ചലിനെ അക്രമികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ടാങ്കര്‍ ലോറിയില്‍ മലിനജലം റോഡിലേക്ക് ഒഴുക്കുന്നത് ശ്രദ്ധയില്‍ പെട്ട ഏയ്ഞ്ചല്‍ ഇത് ചോദ്യം ചെയ്തതാണ് അക്രമികളെ ചൊടിപ്പിച്ചത്. ടാങ്കര്‍ ലോറി ഡ്രൈവറാണ് മര്‍ദിച്ചത്.
കമ്പിവടി ഉപയോഗിച്ച് കൈയിലും കാലിലും പൊതിരെ തല്ലുകയായിരുന്നു. ഒരു പ്രകോപനവും ഇല്ലാതെയാണ് മര്‍ദ്ദിച്ചതെന്ന് ട്രാന്‍സ്ജെന്‍ഡര്‍ ഏയ്ഞ്ചല്‍ വെളിപ്പെടുത്തി.
ആക്രമിച്ചതിന് ശേഷം കടന്നുകളഞ്ഞ ലോറിയെയും അക്രമിയെയും ലോറിയുടെ നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കണ്ടെത്തിയത്.